Skip to content

വിയർപ്പിന്റുപ്പ്

2006 ന്റെ അവസാനമാണ്, അരയ്ക്ക് മുകളിൽ ഷർട്ട് ഇട്ടിട്ടില്ലെങ്കിൽ മുലക്കച്ചയാണോന്ന് വരെ തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന ഉയരത്തിൽ പാന്റും കയറ്റി, അതിന്മേൽ ചേകവന്മാരെ പോലെ രണ്ട് റൗണ്ട് ബെൽറ്റും ചുറ്റി (അതും ഹാന്റ് മെയ്ഡ് തുളയിൽ ഇട്ട്) കുട്ടേട്ടൻ തയ്ച്ച പാന്റും, ഷർട്ടും ധരിച്ച് പരിഷ്കാരിയായി മദ്രാസിലെ കോളേജിലേക്ക് പിജി ചെയ്യാൻ ചെല്ലുന്നത്. ബികോം കഴിഞ്ഞൊരു കൊല്ലം ടൈം കളയാൻ ടൈംല് തന്നെ എൻട്രൻസ് കോച്ചിങ്ങിന് പോയി ‘ടൈംട്രാവൽ’ ചെയ്തതും, നായന്മാര് മാത്രമുള്ള അഗ്രഹാരത്തീന്ന് താസ്‌മാക്കിന്റെ നാട്ടിലേക്ക് താമസമാക്കിയതും എന്തിനായിരുന്നു എന്നൊക്കെ ഇടയ്ക്ക് ആലോചിക്കാറുണ്ട്. പക്ഷേ അപ്പോഴൊക്കെ എന്നോ കഴിച്ച തൈര് സാദവും, കാരക്കുഴമ്പും, വത്തക്കുഴമ്പും, പൊങ്കലും, കീരവടയുമൊക്കെ വരിവരിയായി വായിൽ കപ്പലുമായി വന്ന് എല്ലാം നല്ലതിനായിരുന്നെന്ന് മന്ത്രിക്കും. ആളീസ്വെൽ

ചെന്നൈയിലെ ആദ്യകാലങ്ങളിൽ അണ്ണാനഗറിലുണ്ടായിരുന്ന അനി ചേട്ടന്റേം, ദീപേച്ചിയുടേം വീട്ടിലെ താമസവും പിന്നെ ഹോസ്റ്റലിലെ കുറച്ച് കാലവും കഴിഞ്ഞപ്പോഴേക്കും ചേരേണ്ട ടീംസ് തമ്മിൽ ചേർന്ന് ബാച്ചിലേഴ്‌സ് ഗള്ളിയായ ചൂലൈമേടിൽ ഒരു വീടൊപ്പിച്ചു. അവിടുന്നും രണ്ടുമാസമൊക്കെ കഴിഞ്ഞാണ് അച്ഛൻ ഒരു മൊബൈൽ വാങ്ങി തന്നത്. പ്രേമം പൊട്ടി നിൽക്കായിരുന്നു എന്നതോണ്ട് തന്നെ നേരത്തേ ഉറങ്ങുകയും, വെളുപ്പാങ്കാലത്ത് എണീക്കുകയും, ദിവസോം ക്ലാസ്സിൽ പോകുകയും ചെയ്തിരുന്ന എനിക്കും, എന്തിന് എന്റെ ഫോണിലെ ബാലൻസിനും വരെ കണ്ണുപറ്റിയിരുന്നു.

പക്ഷേ ആത്മാർത്ഥതയുള്ള ഒരു മനുഷ്യനെ വേണമെങ്കിൽ ഒന്നിൽ കൂടുതൽ തവണ ഡാഷാക്കാം എന്ന് ഒരിക്കൽ കൂടെ തെളിയിച്ചുകൊണ്ട്, എല്ലാ സ്മൂത്ത് റോഡിനും വാണിങ്ങില്ലാത്തൊരു ഹമ്പുണ്ടാവും എന്ന പോലെ പിരിഞ്ഞ് പോയവൾ തിരിച്ച് വന്ന് രാവിലത്തെ അലാമും, രാത്രിയിലെ ഗുഡ്‌നൈറ്റും ഒക്കെയായത് തികച്ചും ആകസ്മികമായിട്ടായിരുന്നു. അതോടെ ഫോണിലെ ബാലൻസിനൊപ്പം ലൈഫിലേം ബാലൻസൊക്കെ പോയത് അറിഞ്ഞതേയില്ല.

ചാർജ് ചെയ്ത കാശിനുള്ള എസ്റ്റിഡി കഴിഞ്ഞാൽ ഇന്നിപ്പൊ ഇങ്കമിങ് മാത്രമുള്ള എസ്എംഎസ് ആയിരുന്നു ഒരാശ്വാസം. ദിവസോം എസ്എംസ് പായ്ക്ക് കയറ്റാൻ പോയപോലെ ജിമ്മിൽ പോയിരുന്നേൽ എനിക്കിപ്പോ ദേഹം മുഴുവൻ പായ്ക്ക് ആയേനെ. പണ്ട് സ്റ്റെനോ ആയിരുന്ന അച്ഛന്റെ പാരമ്പര്യമാണോ, നിത്യാഭ്യാസമാണോ എന്നറിയില്ല മൊബൈൽ കീപാഡിൽ അദ്നാൻ സാമി ആയിരുന്ന ഒരു കാലമായിരുന്നു അത്.

ഏതോ ഒരവധി ദിവസമാണെന്നാണ് ഓർമ. രാവിലെ പത്ത് പത്തര ആയപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഫ്ലോയ്ക്ക് നാച്ചുറൽ ഫ്ലോ തടസ്സമാകാതിരിക്കാൻ വേണ്ടി ഫോണുമായി ബാത്ത്റൂമിൽ പോകേണ്ട ഒരു അടിയന്തിര സാഹചര്യം ഉരുത്തിരിയുകയുമുണ്ടായി (സ്മാർട്ട്ഫോണല്ല എന്നതുകൊണ്ട് തെറ്റിദ്ധരിക്കില്ലല്ലോ). എത്രയൊക്കെ മുൻകരുതലുകൾ എടുത്താലും തുറന്ന് വിടുന്ന ഡാമിലെ വെള്ളത്തിന്റെ ഒഴുക്ക് ചില സമയങ്ങളിൽ നിയന്ത്രണാധീതമാവുമല്ലോ അതുപോലെ സംഭവിക്കുകയും, മൊബൈൽ പിടിച്ച കൈകൊണ്ട് നിയന്ത്രിക്കേണ്ടി വരികയും, അധികോന്നുമില്ലെങ്കിലും നാലോ അഞ്ചോ തുള്ളി മൊബൈലിന്റെ സ്പീക്കറിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്തു.

രണ്ടെണ്ണം അടിച്ചാൽ ഓഫാവുന്ന കപ്പാസിറ്റി ഇല്ലാത്ത കുടിയന്മാരെ പോലെ ഫോൺ ഓഫാകുകയും, പുറത്തിറങ്ങി ഫോൺ വെള്ളത്തിൽ നനഞ്ഞു എന്ന് പറഞ്ഞും പോയി. മുടിയെന്ന് സെറ്റ് ചെയ്യാൻ പറഞ്ഞാൽ പറ്റയാക്കി ആത്മാർത്ഥത കാണിക്കുന്ന ചില ബാർബർമാരെ പോലെ ഒരുത്തൻ ചാടി വീണ് ആടിന്റെ എല്ലിൽ നിന്ന് മജ്ജ ഊറ്റുന്ന പോലെ ഫോണിൽ വായ വച്ച് ഉള്ളിലേക്ക് വലിച്ചതും ഒരു നിമിഷനേരം കൊണ്ടായിരുന്നു. വാക്വം ക്ലീനർ വച്ചാൽ ഇങ്ങനെ വൃത്തിയാവോ എന്നറിയില്ല സംഭവം ഉള്ളിലെ വർഷങ്ങളുടെ പൊടി അടക്കം അവന്റെ ഉള്ളിലേക്ക് പോയികാണണം. അന്ന് ഫോൺ ഓൺ ചെയ്തപ്പോൾ പൂർവ്വാധികം ശബ്ദത്തിൽ നോക്കിയയുടെ ‘കൈകൾ’ ഹസ്തദാനം നടത്തിയിരുന്നു.

മച്ചാ യേണ്ടാ റൊമ്പ ഉപ്പാർക്ക് എന്ന് ചോദിച്ചത് എന്നിൽ ഒരു നിമിഷത്തെ ഞെട്ടൽ ഉണ്ടാക്കിയെങ്കിലും പ്രജ്ഞ വീണ്ടെടുത്ത് കുറേ നേരം ഉപയോഗിച്ച കാരണം വിയർപ്പിന്റെ ഉപ്പാവാനാണ് സാധ്യത എന്ന് പറഞ്ഞ് സംശയം തോന്നാതെ തടിയൂരുകയായിരുന്നു. പോരാത്തേന് അവന്റെ മനസ്സിൽ യാതൊരു വിധ തെറ്റായ ചിന്തകൾക്കും ഇടം നൽകാണ്ടിരിക്കാൻ ഒരു നാച്ചുറാലിറ്റിക്ക് വേണ്ടി നമ്മടെ വെള്ളം ഉപ്പാണെന്നും ഇതിൽ കുളിച്ചാൽ മുടിയെല്ലാം കൊട്ടും എന്നൊരു ഉപദേശവും ഫ്രീയായി കൊടുക്കാനും മറന്നില്ലെന്നാണ് ഓർമ.

സുഹാസ് മാങ്ങാറി

Advertisements
%d bloggers like this: